Sunday, April 28, 2024
keralaNewspolitics

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ ചര്‍ചയ്ക്കു ക്ഷണിച്ചു സര്‍കാരിന്റെ കത്ത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ ചര്‍ചയ്ക്കു ക്ഷണിച്ചു സര്‍കാരിന്റെ കത്ത്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് കത്ത് സമരപന്തലില്‍ എത്തിച്ചത്. കത്ത് കൊണ്ടുവന്നതായും മേല്‍വിലാസത്തിലുള്ളയാള്‍ ഇല്ലാത്തതിനാല്‍ തിരികെ കൊണ്ടുപോയെന്നും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറഞ്ഞു.ലിജുവിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി ലിജുവിന്റെ പേരിലായിരുന്നു കത്ത്. എന്നാല്‍ ലിജു പരീക്ഷയുമായി ബന്ധപ്പെട്ട് നാട്ടിലാണ്. ഉള്ളടക്കം എന്താണെന്നു വ്യക്തമല്ലെന്നു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും സര്‍ക്കാരുമായി ചര്‍ചയ്ക്ക് ഒരുങ്ങാന്‍ നിര്‍ദേശമുണ്ട്. ചര്‍ചയ്ക്ക് പ്രതിനിധികളായി പങ്കെടുക്കുന്ന മൂന്ന് ഉദ്യോഗാര്‍ഥികളുടെ പേരുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചു.സെക്രടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനു സിപിഎം സെക്രടേറിയറ്റ് നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗാര്‍ഥികളുടെ സമരത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.