Monday, May 6, 2024
keralaNews

സുരേഷ് ബാബുവിന് രക്ഷകരായി കാക്കകള്‍

നിത്യവും രാവിലെ വീട്ടിലെത്തുന്ന കാക്കകള്‍ക്കു കെ.സുരേഷ് ബാബു ഭക്ഷണം നല്‍കും. വിഷപ്പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷിച്ചാണ് അതിനു കാക്കക്കള്‍ അദ്ദേഹത്തോടു നന്ദി കാട്ടിയത്. നഗരസഭ 25-ാം വാര്‍ഡില്‍ ചൈതന്യ ലൈനില്‍ ശാന്തി നിലയത്തില്‍ സുരേഷ് ബാബുവിന്റെ വീട്. സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചേന്ദമംഗലം കൈത്തറി യാണ്‍ ബാങ്ക് സെക്രട്ടറിയാണ്.

2 വര്‍ഷമായി ദിവസവും രാവിലെ കാക്കകള്‍ക്ക് ഭക്ഷണം നല്‍കിവരുന്നു. 12 കാക്കകള്‍ പതിവായി എത്താറുണ്ട്. കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്. രാവിലെ ആറരയോടെ കാക്കകള്‍ക്കുള്ള ഭക്ഷണവുമായി വീടിന്റെ അടുക്കളവാതില്‍ തുറന്നു പുറത്തിറിങ്ങാന്‍ നോക്കിയ സുരേഷ് ബാബുവിന്റെ നേരെ മൂന്നു കാക്കകള്‍ പറന്നടുത്തു. പ്രത്യേക ശബ്ദമുണ്ടാക്കി കൂട്ടമായി ചിറകടിച്ചു മുന്നില്‍ പറന്നു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല.

ആദ്യം കാരണം സുരേഷ് ബാബുവിനു മനസ്സിലായില്ല. താഴേക്കു നോക്കിയപ്പോഴാണു ചവിട്ടു പടിയില്‍ രണ്ടടി നീളമുള്ള വിഷപ്പാമ്പ് കിടക്കുന്നതു കണ്ടത്. പാമ്പിനെ നേരത്തെ കണ്ടതു കൊണ്ടാണു കാക്കകള്‍ തന്നെ പുറത്തിറങ്ങാന്‍ സമ്മതിക്കാതിരുന്നതെന്നും കാലെടുത്തു കുത്തിയിരുന്നെങ്കില്‍ പാമ്പിന്റെ കടി കിട്ടുമായിരുന്നെന്നും സുരേഷ് ബാബു പറഞ്ഞു.