Wednesday, April 24, 2024
keralaNews

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. മദ്ധ്യ കേരളത്തില്‍ മഴ ശക്തമാകും.വെള്ളിയാഴ്ച വരെ 7 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് നിര്‍ദ്ദേശം.

ഇന്ന് മദ്ധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന മദ്ധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ മദ്ധ്യ കിഴക്കന്‍ അറബിക്കടല്‍ ഭാഗത്ത് ശക്തി കൂടിയ ന്യൂനമര്‍ദമായി സ്ഥിതി ചെയ്യുകയാണ്. അതേ സമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് സൂചന.