Tuesday, April 30, 2024
keralaNewspolitics

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്.

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. രണ്ടാഴ്ചയ്ക്കകം യാത്രയുണ്ടാകുമെന്നാണ് വിവരം. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ശനിയാഴ്ചയാണു മുഖ്യമന്ത്രി തുടര്‍ ചികിത്സയ്ക്കായി യുഎസിലേക്കു യാത്ര തിരിക്കുന്നത്. മെയ് 10ന് തിരിച്ചെത്തും.

മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ, നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ കോടിയേരിയും പുറപ്പെടും. രണ്ടാഴ്ചത്തെ തുടര്‍ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്കു പോകുന്നത്.

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2019ല്‍ കോടിയേരി അമേരിക്കയില്‍ ചികില്‍സ തേടിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോകുന്നത്.