Sunday, May 5, 2024
EntertainmentkeralaNewsObituary

സിദ്ധിഖിന് വിടപറഞ്ഞ് ജന്മനാട്

കൊച്ചി: മലയാളത്തിന് തുടര്‍ച്ചയായി സൂപ്പര്‍ മെഗാ ഹിറ്റുകള്‍ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകന്‍ സിദ്ധിഖിന് ജന്മനാട് യാത്രാമൊഴിയേകി . മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് നീങ്ങി.                                                                                                     പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. മലയാള സിനിമയില്‍ സൂപ്പര്‍ മെഗാ ഹിറ്റുകള്‍ എങ്ങനെയൊരുക്കാമെന്ന് പരിചയപ്പെടുത്തിയ ‘ഗോഡ്ഫാദര്‍’ ആയിരുന്നു സിദ്ദിഖ്.                                                  68-ാമത്തെ വയസില്‍ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്.                                                                 മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്കെത്തി. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാല്‍ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, സായികുമാര്‍, ജഗദീഷ്, കമല്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി. പുല്ലേപ്പടിയിലെ വീട്ടില്‍ നിന്ന് കൊച്ചിന്‍ കലഭവനിലൂടെ സിനിമയിലെത്തിയ സിദ്ധിഖിനെ നഗരപൗരാവലിയും ചലച്ചിത്രപ്രേമികളും അവസാനമായി ഒരുനോക്കുകണ്ടു. പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി.                                                                                                                                    ചലച്ചിത്ര പ്രവര്‍ത്തകരും നാട്ടുകാരും അവിടെയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. നാലരയോടെയാണ് ശേഷമാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ ഖബറിസ്ഥാനില്‍ സംസ്‌കാരം. മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന ഹിറ്റ്മേക്കര്‍ ഓര്‍മ്മകളുടെ വെളളിത്തിരയില്‍ സിദ്ദിഖ്  ഇനി ജ്വലിക്കും.