Saturday, April 27, 2024
EntertainmentkeralaNews

കലോത്സവത്തില്‍ കോഴ: മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങിയ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. ഷാജി, ജിബിന്‍, ജോമെറ്റ് എന്നിവരെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പീല്‍ കമ്മറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കേരള സര്‍വ്വകലാശാല ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന സര്‍വ്വകലാശാല കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി വിധിനിര്‍ണയം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടയില്‍ കോഴ വാങ്ങിയെന്നാണ് പരാതി.

തിരുവാതിരക്കളിയിലും ഇതേ കോഴ ആരോപണം ഉയര്‍ന്നിരുന്നു. തങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് മൂന്ന് വിധികര്‍ത്താക്കളും പറയുന്നത്. പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം ഇന്ന് വൈകിട്ട് 4 മണിക്ക് പുനരാരംഭിച്ചു. മാര്‍ഗം കളി വീണ്ടും നടത്താന്‍ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയക്ക് ശേഷമായിരിക്കും മാര്‍ഗം കളി വീണ്ടും നടത്തുന്നത്.