Wednesday, May 8, 2024
keralaNewspolitics

സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ നിരസിച്ചു.

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താന്‍ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാന്‍ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ അറിയിച്ചു. ഓണംവാരാഘോഷ ഘോഷ യാത്രയില്‍ ക്ഷണിക്കാത്തതിലെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ അനുനയിപ്പിക്കാനായിരുന്നു നേരത്തെ നീക്കമെങ്കിലും അദ്ദേഹം വഴങ്ങില്ലെന്ന് ഉറപ്പായി.

സര്‍ക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവര്‍ണറെ ഇനി ആ രീതിയില്‍ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. രാജ്ഭവന്‍ വാര്‍ത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് ഓര്‍മ്മിപ്പിച്ച പിണറായി, സര്‍ക്കാര്‍-ഗവര്‍ണര്‍ ആശയ വിനിമയത്തിന് നിയത മാര്‍ഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും തുറന്നടിച്ചു. ഗവര്‍ണര്‍ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും ഷംസെര്‍ സിംഗ് കേസിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് മുഖ്യമന്ത്രി തുറന്നടിച്ചു.