Friday, May 3, 2024
keralaNews

സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണത്. പക്ഷേ അത് സംഭവിച്ച് പോയി, ഒഴിവാക്കേണ്ട കാര്യമായിരുന്നു അതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത്.കൊവിഡ് അവലോകന കമ്മിറ്റി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയാല്‍ വിദ്യാഭ്യാസ വകുപ്പ് അതിനെ കുറിച്ച് ഗൗരവമായി തന്നെ ആലോചിച്ച് നടപടി എടുക്കും. സംസ്ഥാനത്താകെ കൊറോണ രോഗികളുടെ എണ്ണം കൂടി വരികയാണ്. പക്ഷേ വിദ്യാര്‍ത്ഥികളില്‍ കൊറോണ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. സംസ്ഥാനത്താകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിയും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.