Friday, May 17, 2024
keralaNews

സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക

കോട്ടയം: നീതി ഉറപ്പാക്കുമെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ദീപ പി മോഹന്‍.മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ട്. എന്നാല്‍ ഉറപ്പല്ല വേണ്ടതെന്നും നടപടിയെടുക്കണമെന്നും ദീപ പറഞ്ഞു. അധ്യാപകന് എതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ?ദീപ വ്യക്തമാക്കി. സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാന്‍ സാബു തോമസ് തയ്യാറാകാത്തത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മന്ത്രിക്ക് കൈമാറാന്‍ തയ്യാറെന്നും ഗവേഷക പറഞ്ഞു.

അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണം. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണെന്ന് ആരാഞ്ഞിട്ടുണ്ട്. സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.