Saturday, May 4, 2024
keralaNewspolitics

സഭാ തര്‍ക്കം..ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ

കൊച്ചി:യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകളുടെ പള്ളിത്തര്‍ക്കം തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഇന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്നിലുള്ളത്.                                                                                                              പള്ളിത്തര്‍ക്കം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും, ചര്‍ച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നേരത്തെയുള്ള നിലപാട്. ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ചിലര്‍ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വാദിച്ചു. സഭാ തര്‍ക്കക്കേസുകള്‍ വീണ്ടും വാദം കേള്‍ക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റി.