Wednesday, May 8, 2024
keralaNews

വിധി വരുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുമോയെന്ന് അറിയില്ല; ദേവകി അന്തര്‍ജനം

ന്യൂഡല്‍ഹി: താഴമണ്‍മഠത്തിലെ മുന്‍ തന്ത്രി കണ്‍ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് കത്തയച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി വരെ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.2020 ജനുവരിയില്‍ ഒന്‍പത് അംഗ ഭരണഘടന ബെഞ്ചിന് മുന്‍പാകെ ശബരിമലക്കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതിയുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.തനിക്ക് 87 വയസ്സായി. വിധി കേള്‍ക്കുമ്പോള്‍ താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മ്മമാണ് ഇതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്ത ഫോട്ടോയും കത്തിനൊപ്പം ദേവകി ചേര്‍ത്തിട്ടുണ്ട്. കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.