Tuesday, May 7, 2024
keralaNews

യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് മര്‍ദിച്ച ശേഷം ആഭരണങ്ങളും പണവും കവര്‍ന്ന മൂന്നു പേര്‍ പിടിയില്‍.

കൊച്ചിയില്‍ യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് മര്‍ദിച്ച ശേഷം ആഭരണങ്ങളും പണവും കവര്‍ന്ന മൂന്നു പേര്‍ പിടിയില്‍. വിവരം പുറത്തു പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് ആദ്യം പരാതിപ്പെടാന്‍ ഭയന്ന യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ജിതിന്‍, ഭാര്യ ഹസീന, കൊട്ടാരക്കരയില്‍ നിന്നുള്ള അന്‍ഷാദ് എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ ഹസീന തൃപ്പൂണിത്തുറയില്‍ ഹോം നഴ്‌സിങ് സര്‍വീസ് നടത്തുന്ന വൈക്കം സ്വദേശിയായ യുവാവിനെ ജോലി വേണമെന്ന വ്യാജേനെ സമീപിച്ചു. പിന്നീട് യുവാവിനോട് പണം ആവശ്യപ്പെട്ടു. വായ്പ തിരിച്ചടവ് മുടക്കം വരുത്തിയതിനാല്‍ ഓണ്‍ലൈന്‍ വഴി പണം വേണ്ടെന്നും നേരിട്ട് മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കെണിയില്‍പ്പെടുതുകയായിരുന്നു. ഹസീനയുടെ ഭര്‍ത്താവ് ജിതിനും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മാല, കൈ ചെയിന്‍, മോതിരം എന്നിവ ഊരിയെടുത്തു. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 30,000 രൂപയും കവര്‍ന്നു. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങി 10,000 രൂപ പിന്‍വലിച്ചു. ഇതിനു പുറമേ യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ ഗൂഗിള്‍ പേ വഴിയും ഹസീന കൈക്കലാക്കി. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.