Friday, May 3, 2024
keralaNews

സന്ദീപ് കൊലക്കേസ്; പ്രതികള്‍ക്കുനേരെ ജനരോഷം

തിരുവല്ല: സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുനേരെ തെളിവെടുപ്പിനിടെ ജനരോഷം. തുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി. കേസിലെ പ്രതികളായ യുവമോര്‍ച്ചാ നേതാവ് ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിന് ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. പ്രതികള്‍ സന്ദീപിനെ വെട്ടിയ കലുങ്കിനടുത്തെത്തിച്ച് കൃത്യം നടത്തിയത് എങ്ങനെയെന്ന് പൊലീസ് ചോദിച്ച് മനസ്സിലാക്കി.എന്നാല്‍ പ്രതികള്‍ക്കുനേരെ ജനം തിരിഞ്ഞു. സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. ഇവര്‍ പ്രതികള്‍ക്കുനേരെ ആക്രോശിച്ചു. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒരുമിച്ച് വിലങ്ങിട്ടാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മന്‍സൂറിനെ ജീപ്പില്‍ നിന്നിറക്കിയതോടെയാണ് പ്രതിഷേധം കനത്തത്. തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.