Sunday, April 28, 2024
EntertainmentkeralaNews

അയ്യപ്പന്റെ കഥ പറയുന്ന “മാളികപ്പുറം” സിനിമക്ക് എല്ലാ പിന്തുണയും

പന്തളം: ഉണ്ണി മുകുന്ദന്‍ നായകനായി അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ച് പന്തളം രാജകുടുംബാംഗങ്ങള്‍. ദീപ വര്‍മ, അരുണ്‍ വര്‍മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റില്‍ ചെലവഴിച്ച ഇവര്‍ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും വിശേഷങ്ങള്‍ പങ്കുവെച്ചു. ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദര്‍ശിക്കാന്‍ രാജകുടുംബാംഗങ്ങള്‍ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് വലിയ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ എരുമേലി ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു. എസ്.സുദര്‍ശന്‍ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്, വരികള്‍ സന്തോഷ് വര്‍മ, ആര്‍ട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി കനല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, സ്റ്റില്‍സ് രാഹുല്‍ ടി., പിആര്‍ഒ മഞ്ജു ഗോപിനാഥ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍.