Thursday, May 16, 2024
BusinessGulfkeralaNewsObituary

അറ്റ്‌ലസ് രാമചന്ദ്രന് കൊറോണ സ്ഥിരീകരിച്ചു: സംസ്‌കാരം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്

ദുബായ്: ഇന്നലെ രാത്രി മരിച്ച അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ദുബായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്‌കാരം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.       
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നു.പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ബിസിനസുകളിലേക്ക് തിരിയുകയായിരുന്നു. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്കിടയിലും ഏറെ പ്രശസ്തി നേടി. റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍, ചലച്ചിത്ര നിര്‍മ്മാണ മേഖലകളില്‍ നിക്ഷേപം നടത്തി. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിങ്, 2 ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരില്‍ 2015ല്‍ ദുബായില്‍ തടവിലായ അദ്ദേഹം 2018ലാണ് ജയില്‍ മോചിതനായത്.