Friday, May 10, 2024
keralaNews

32 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്.

തിരുവനന്തപുരം 32 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ രാവിലെ 10ന് തുടങ്ങും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.കൊച്ചി ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഫലം കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാണ്. പിറവം നഗരസഭയില്‍ യുഡിഎഫ്, എല്‍ഡിഎഫ് അംഗബലം തുല്യമായതിനാല്‍ 14ാം വാര്‍ഡിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് നഗരസഭാ ഭരണം കിട്ടും. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം കിട്ടിയ കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തില്‍ വള്ളിയോട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ജയം ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് അനിവാര്യമാണ്.

അംഗബലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയിലുള്ള ഇരിങ്ങാലക്കുട നഗരസഭ 18ാം ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് ഭരണം നേടാം. തിരുവനന്തപുരം കോര്‍പറേഷനില്‍ നികുതിവെട്ടിപ്പ് വിവാദത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രാധാന്യം വെട്ടുകാട് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.