Sunday, May 5, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.

രാജ്യത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടാകുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,400 രൂപയായി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ചുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്.അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതിനെ സ്വാഗതം ചെയ്യുന്നതായി ആള്‍ ഇന്ത്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡറക്ടര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു. സ്വര്‍ണ വ്യാപാര മേഖലക്ക് ഇത് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കും. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം 12.5 ശതമാനത്തില്‍ 5 ശതമാനം കുറക്കാനാണ് തീരുമാനിച്ചത്. എങ്കിലും 2.5 ശതമാനം കാര്‍ഷിക സെസായി ഏര്‍പ്പെടുത്തിയതോടെ ഫലത്തില്‍ 2.5 ശതമാനം നികുതി മാത്രമാണ് കുറയുക.ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.