Monday, May 13, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയര്‍ത്തി.

ജലനിരപ്പ് താഴെത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയര്‍ത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയര്‍ത്തിയത്. ഷട്ടറുകള്‍ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് കൂടുതല്‍ വെളളം കൊണ്ടുപോകണം. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.അതേസമയം മുല്ലപ്പെരിയാറില്‍ നിന്നുള്ള അധികജലമെത്തി തുടങ്ങിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞത് ആശ്വാസമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വര്‍ദ്ധിപ്പിച്ചിരുന്നു. രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒന്‍പതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്‌സ് വെള്ളമാണ് പുറത്തേക്ക് വിട്ടത്. എന്നിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.