Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു.

കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു. ഏഴ് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. രാത്രിയിലും ശരാശരി 25 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. വരും ആഴ്ചകളിലും ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്. സാധാരണ കനത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് താപനില 34 ഡിഗ്രിയിലാണ് ഇപ്പോള്‍ ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം ഹൈറേഞ്ച് മേഖലകളില്‍ 20-27 ഡിഗ്രി വരെയും തീരപ്രദേശത്ത് 30-33 ഡിഗ്രി വരെയുമാണ് ചൂട്. ഇടനാട്ടിലാണ് ചൂട് കൂടുതല്‍ രേഖപ്പെടുത്തുന്നത്. വരണ്ട അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിലും ലക്ഷദ്വീപിലും ഉള്ളത്. ഇത് താപനില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഈ മാസം അവസാനത്തോടെ വേനല്‍മഴ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.