Wednesday, May 15, 2024
keralaNews

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്താന്‍ ഹൈക്കോടതി നിര്‍ദേശം.

കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉറപ്പുവരുത്താന്‍ ഹൈക്കോടതി നിര്‍ദേശം. ബസുകളിലെ പ്രഷര്‍ ഹോണുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തില്‍ നോ ഹോണ്‍, സൈലന്റ് സോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ പാര്‍ക്കിങ്ങും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ ബസ്സുകള്‍ ഫോണ്‍മുഴക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ ബസുകള്‍ വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്നത് തുടരുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി. ബസുകളിലെ പ്രഷര്‍ ഹോണുകള്‍ നീക്കം ചെയ്യാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൃത്യമായി പിന്നില്‍ നിന്നുവരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെയാണ് ഓട്ടോറിക്ഷകള്‍ വലതു വശത്തേക്ക് വെട്ടിത്തിരിക്കുന്നത്. മിക്ക ഓട്ടോറിക്ഷകളിലും പിന്നില്‍ നിന്നു വരുന്ന വാഹനങ്ങളെ കാണാനുള്ള കണ്ണാടികളില്ല.ബസ്സുകളിലും ഓട്ടോറിക്ഷകളിലും ആവശ്യമായ കണ്ണാടികള്‍ ഉറപ്പുവരുത്താന്‍ പൊലീസ് നിര്‍ദേശിക്കണം. ബസ്സുകളും ഓട്ടോറിക്ഷകളും കൃത്യമായ സ്റ്റോപ്പുകളില്‍ നിര്‍ത്തി മാത്രമേ ആളുകളെ കയറ്റാവൂ. നഗരത്തിലെ ആവശ്യമായ സ്ഥലങ്ങളില്‍ നോ ഹോണ്‍, സൈലന്റ് സോണ്‍ ബോര്‍ഡുകള്‍ മൂന്നാഴ്ച്ചക്കകം സ്ഥാപിക്കണം. യാത്രക്കാര്‍ക്ക് പരാതി നല്‍കാന്‍ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളില്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുകള്‍ രേഖപ്പെടുത്തണം. ഗ്രൗണ്ടില്‍ സ്ഥലമുണ്ടായിട്ടും മറൈന്‍ ഡ്രൈവ് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടു.