Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് മഴ ശക്തം: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്.

ആന്ധ്ര ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദം കാരണം അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാണ്. ഇതിനാല്‍ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മത്സ്യബന്ധന വിലക്കും നിലനില്‍ക്കുകയാണ്. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകള്‍.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി . കൂടാതെ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.