Monday, April 29, 2024
educationkeralaNews

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കം

തിരുവനന്തപുരം: കേരളം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക്.രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണ അധ്യയനം തുടങ്ങുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികള്‍ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസില്‍ ചേര്‍ന്നിരിക്കുന്നത്. രണ്ടു വര്‍ഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് പ്രവേശനോത്സവം.

പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്.അധ്യാപകരുടെ കുറവാണ് ഒരു പ്രതിസന്ധി.1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്‌കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചു. എന്നാല്‍ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതില്‍ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.