Friday, April 26, 2024
keralaNewspolitics

പൂഞ്ഞാറിന് കരുതലും കാവലുമായ് 2022 സംസ്ഥാന ബഡ്ജറ്റ് : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാര്‍: പൂഞ്ഞാര്‍ മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുന്ന ബജറ്റാണ് ഇന്നലെ സംസ്ഥാന നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൂഞ്ഞാർ എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കൽ.            ബജറ്റിനു മുന്നോടിയായി തയാറാക്കി നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതം സമസ്തമേഖലകളിലും നേട്ടമായി മാറും വിധമുള്ള പദ്ധതികളാണ് ഇടതുസര്‍ക്കാര്‍ പൂഞ്ഞാറിനു നല്‍കിയിരിക്കുന്നത്. മഹാപ്രളയത്തെയും കോവിഡ് വ്യാധിയെയും അതിജീവിക്കാനാവും വിധം എല്ലാവർക്കും ക്ഷേമവും ആശ്വാസവും എത്തിക്കാനുള്ള ആത്മാര്‍ഥമായ ശ്രമത്തിന് ആക്കം കൂട്ടാന്‍ അനുവദിക്കപ്പെട്ട പദ്ധതികള്‍ പ്രയോജനപ്പെടും. കൃഷി, വ്യവസായം, വിദ്യാഭ്യാസം,ആരോഗ്യം ഗതാഗതം, വാണിജ്യം, തീര്‍ഥാടനം, ടൂറിസം തുടങ്ങി എല്ലാ തലങ്ങളിലും പൂഞ്ഞാര്‍ മണ്ഡലത്തെ അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കാൻ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മാന്ദ്യത്തിലും ആശങ്കയിലും കഴിയുന്ന മലയോരജനതയുടെ ജീവിതത്തിന് പ്രത്യാശ പകരുന്ന ഈ പദ്ധതികള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎ വ്യക്തമാക്കി. താഴെപ്പറയുന്ന പദ്ധതികളാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ, എരുമേലി യുടെ സമഗ്ര വികസനത്തിനായി എരുമേലി മാസ്റ്റർ പ്ലാൻ, പൂഞ്ഞാർ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം, മുണ്ടക്കയത്ത് കോസ് വേയ്ക്ക് സമാന്തരമായി ഉയരം കൂട്ടി മണിമലയാറിന് കുറുകെ പുതിയ പാലം നിർമ്മാണം, ഭരണങ്ങാനം-ഇടമറ്റം- തിടനാട്-റോഡ്, പാറത്തോട്-കള്ളുവേലി- വേങ്ങത്താനം റോഡ്, പിണ്ണാക്കനാട്-ചേറ്റുത്തോട്-പാറത്തോട് റോഡ്, കരിനിലം-പുഞ്ചവയൽ-504- കുഴിമാവ് റോഡ്, ചെമ്മലമറ്റം- വാരിയാനിക്കാട്-പഴുമല- പാറത്തോട് റോഡ്, ചോറ്റി-ഊരയ്ക്കനാട് -മാളിക-പൂഞ്ഞാർ റോഡ് എന്നീ റോഡുകളുടെ ആധുനികവൽക്കരണവും, നവീകരണവും , കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ബഹുനില മന്ദിരം നിർമ്മാണം, എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂക്കംപെട്ടി പാലം നിർമ്മാണം, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 24 ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് , പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കാവും കടവ് പാലം നിർമ്മാണം, മുണ്ടക്കയത്ത് പുതിയ ഫയർ സ്റ്റേഷൻ, പൂഞ്ഞാർ തെക്കേക്കരയിൽ പുതിയ പോലീസ് സ്റ്റേഷൻ, എരുമേലി മൂലക്കയം ഭാഗത്ത് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം കോസ്‌വേ,         തിടനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റാറ്റിൻകര പാലം നിർമ്മാണം, പൂഞ്ഞാർ ടൗണിൽ ജീ.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഏന്തയാർ -മുക്കുളം പാലം നിർമ്മാണം എന്നിങ്ങനെ വിവിധങ്ങളായ വികസനപദ്ധതികൾ ആണ് ഈ വർഷത്തെ ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുകയും, മറ്റു പദ്ധതികൾക്ക് ടോക്കൺ തുകയുമാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. എല്ലാ പദ്ധതികൾക്കും ഭരണാനുമതി നേടിയെടുക്കുന്നതിന് ശ്രമിക്കും. കൂടാതെ എരുമേലിയിൽ ശബരിമല ഗ്രീൻഫീൽഡ് എയർ പോർട്ടിന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് രണ്ടുകോടി രൂപയും അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമാണെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.കൂടാതെ സംസ്ഥാന ബഡ്ജറ്റിൽ പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർ നിർമിക്കുന്നതിന് വകയിരുത്തിയിട്ടുള്ള 92.88 കോടി രൂപയും, പ്രളയ പുനരധിവാസത്തിനായി റീബിൽഡ് കേരള പദ്ധതിക്ക് നീക്കി വെച്ചിരിക്കുന്ന 1600 കോടി രൂപയും, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കോട്ടയം ജില്ലയ്ക്ക് മാറ്റി വച്ചിട്ടുള്ള 33 കോടി രൂപയുടേയും പ്രധാന പ്രയോജനം പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ലഭിക്കും. ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തീർത്ഥാടന ടൂറിസം സർക്യൂട്ടിൽ എരുമേലി ഉൾപ്പെടുത്തിയതും എരുമേലിയുടെ കൂടി വികസനം മുൻനിർത്തി അനുവദിക്കപ്പെട്ടിട്ടുള്ള 30 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഗുണഫലവും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ലഭിക്കും. റബർ സബ്സിഡി നൽകുന്നതിന് 500 കോടി രൂപ വകയിരുത്തിയതും, റോഡ് റബ്ബറൈസേഷൻ നയമായി പ്രഖ്യാപിച്ചു അതിനു മാത്രമായി 50 കോടി രൂപ മാറ്റി വച്ചതും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഉൾപ്പെടെയുള്ള റബർ കർഷകർക്ക് ആശ്വാസകരമാകും. കൃഷിഭൂമിയും വനമേഖലയും അതിരിടുന്ന പ്രദേശങ്ങളിൽ വന്യജീവി ആക്രമണങ്ങളിൽ നിന്നും കൃഷിക്കും, മനുഷ്യർക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ബഡ്ജറ്റിൽ 25 കോടി രൂപ മാറ്റി വച്ചതും, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി, മുണ്ടക്കയം, കോരുത്തോട് പ്രദേശങ്ങളിലെ വനമേഖലയോട് ചേർന്നുള്ള കർഷകർക്ക് വളരെയേറെ പ്രയോജനപ്രദമാകും. കാർഷിക മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ മേഖലയ്ക്ക് മാർക്കറ്റിംഗ് സംവിധാനം ഒരുക്കുന്നതിന് 100 കോടി രൂപ വകയിരുത്തിയതും, അഗ്രികൾച്ചറൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതും, കൂടാതെ തോട്ടവിള കളോടൊപ്പം പഴവർഗങ്ങൾ കൃഷിചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും 70 ശതമാനത്തിലധികം കൃഷിക്കാർ അധിവസിക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ഏറെ ഗുണകരമാകും. ടൂറിസം രംഗവുമായി ബന്ധപ്പെട്ട് ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവും അതീവ പ്രകൃതിരമണീയമായ പൂഞ്ഞാറിന്റെ വലിയ വികസന നേട്ടത്തിന് കാരണമാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും മൊബൈൽ റേഷൻകടകൾ അനുവദിച്ചത് മലയോര ഗ്രാമങ്ങളും, വിദൂര പ്രദേശങ്ങളും,ഉൾപ്പെടുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ഏറെ ഗുണപ്രദമാകും. ഇപ്രകാരം എല്ലാ പ്രകാരത്തിലും പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ഏറ്റവും വികസനോന്മുഖമായ ബഡ്ജറ്റ് ആണ് 2022-23 സംസ്ഥാന ബഡ്ജറ്റ് എന്നും ബഡ്ജറ്റിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായും എംഎൽഎ അറിയിച്ചു.