Sunday, May 5, 2024
keralaNews

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.പോപ്പുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരില്‍ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എന്‍ഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ഇന്ന് നടന്ന പരിശോധനകളില്‍ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഒഎംഎ സലാം ദേശീയ പ്രസിഡന്റ് (മലപ്പുറം), സൈനുദ്ദീന്‍ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീന്‍ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീര്‍ സ്റ്റേറ്റ് പ്രസിഡന്റ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീന്‍ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുല്‍ റഹ്‌മാന്‍ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്‌നാട്‌സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി.