Tuesday, May 14, 2024
keralaNewsUncategorized

സിനിമയില്‍ അസി.ക്യാമറമാനായി പ്രവര്‍ത്തിച്ച ബിരുദധാരി കൂടിയാണ് ഇയാള്‍

കോട്ടയം: ബിരുദധാരിയും – സിനിമ അസി.ക്യാമറമാനെ ഗഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശി പുത്തന്‍ വീട്ടില്‍ സുഹൈല്‍ സുലൈമാന്‍ (28) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളുടെ കയ്യില്‍ നിന്നും 225 ഗ്രാം ഗഞ്ചാവും ഗഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ടിയാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗഞ്ചാവ് ആണ് കണ്ടെടുത്തത് . 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണ് പ്രതിയുടെ ശൈലി. ടിയാന്‍ സിനിമ പ്രവര്‍ത്തനത്തിന് പോകുമ്പോളും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായി പറയുന്നു. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളില്‍ പ്രതി പ്രവര്‍ത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ഇയാള്‍ ഈ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പ്രതി പിടിയിലായത് .  പ്രതി വീട്ടില്‍ ഗഞ്ചാവ് സൂക്ഷിച്ച് വില്പന നടത്തിക്കൊണ്ടിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങള്‍ തടയാനും എതിര്‍ക്കാനും ശ്രമിച്ചെങ്കിലും എതിര്‍പ്പിനെ അതിജീവിച്ച് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച നിലയില്‍ 5 പൊതികളായാണ് ഗഞ്ചാവ് കണ്ടെത്തിയത്. ഗഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ച ചെറിയ ഇലക്ട്രോണിക് ത്രാസും മുറിയില്‍ നിന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ എതിര്‍പ്പും കയ്യേറ്റ ശ്രമവും പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായി. പ്രതി 5000 രൂപ നല്‍കി വാങ്ങിയ ഗഞ്ചാവ് നല്‍കിയതെന്ന് പ്രതി പറഞ്ഞ എരുമേലി കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേല്‍ വീട്ടില്‍ ആരോമല്‍ സജിയെ രണ്ടാം പ്രതിയായും കേസെടുത്തു.18 നും, 23 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ ഗഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നതിനാല്‍ വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.                                                          പ്രതിയുടെ പക്കല്‍ നിന്നും ഗഞ്ചാവ് വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍ പ്രിവന്റീവ് ഓഫീസര്‍ ബിനോദ് കെ ആര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ അനില്‍കുമാര്‍, നൗഷാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹരിത മോഹന്‍ , എക്‌സൈസ് ഡ്രൈവര്‍ അനില്‍ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്