Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ  വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍.

അടുത്ത ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഏപ്പെടുത്തും. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ അടുത്തയാഴ്ച ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നാളെയും മറ്റന്നാളും കഴിഞ്ഞയാഴ്ചത്തേതു പോലെ വാരാന്ത്യ നിയന്ത്രണങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തില്‍ തിങ്കളാഴ്ചയ്ക്കു ശേഷം അടുത്ത ഞായര്‍ വരെ ഇതേ നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പിന്നീടു പുറത്തിറക്കും. ജനജീവിതം സ്തംഭിപ്പിക്കാതെയും എന്നാല്‍, സഞ്ചാരം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുമുള്ള നിയന്ത്രണങ്ങളാകും നടപ്പിലാക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ കടകളില്‍ നിന്നു വീടുകളിലെത്തിച്ചു കൊടുക്കുന്ന രീതിയിലേക്കു മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ നിരീക്ഷിച്ചതിനുശേഷം കൂടുതല്‍ കടുത്ത നടപടികളിലേക്കു പോകേണ്ടിവന്നാല്‍ അതിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്.