Sunday, April 28, 2024
keralaNewspolitics

സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം.

തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നവ കേരള സദസ്സിന്റെ ബാനറുകള്‍ കീറി. പൊലീസിന് നേരെ കല്ലും വടികളും ചെരിപ്പുമെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. വടി ഉപയോഗിച്ച് പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലുകയും ചെയ്തു.ഗാന്ധിയന്മാര്‍ ദുര്‍ബലരല്ലെന്നും ഇനി തെരുവില്‍ തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് ഗാന്ധിയന്‍മാര്‍ ആണെന്ന തെറ്റിധാരണ ഉണ്ടങ്കില്‍ അത് മാറ്റിയേക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇനി തെരുവില്‍ തല്ലു കൊള്ളാനില്ല. തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കും. ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. തെരുവില്‍ തല്ലിയാല്‍ തിരിച്ചടിക്കുമ്പോള്‍ എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചോളൂ. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ നല്‍ക്കേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു.