Tuesday, May 7, 2024
keralaNews

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി മലപ്പുറം പോലീസ്

മലപ്പുറം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി മലപ്പുറം പോലീസ്. കാറില്‍ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസ് (29) ആണ് പിടിയിലായത്. 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മേല്‍മുറി ടൗണില്‍വെച്ചാണ് വാഹനത്തില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായാണ് ഇവ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

ബാംഗ്ലൂര്‍ ,ഗോവ എന്നിവിടങ്ങളില്‍ നിന്നും എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകള്‍ യുവാക്കളേയും കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് 12 പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണവും പരിശോധനയും ആണ് ഇത്രയും വലിയ അളവില്‍ ഉള്ള മയക്കു മരുന്ന് വേട്ടയില്‍ എത്തിച്ചത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലുള്ളവരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരിക ആയിരുന്നു. മൊറയൂര്‍ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറില്‍ വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

വന്‍ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലയില്‍ മൊറയൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയിലെ മറ്റു വില്‍പ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചുവരികയാണെന്നും ഡിവൈഎസ്പി പി.എം.പ്രദീപ് അറിയിച്ചു.