Monday, May 6, 2024
keralaNews

ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞിനെ ഇന്ന് തന്നെ അനുപമക്ക് കൈമാറിയേക്കും

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്ക്ക് കൈമാറിയേക്കും. ഇന്നലെ ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുന്നത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് വനിതാ ശിശു വികസന വകുപ്പും സി.ഡബ്ല്യു.സിയും രാവിലെ കുടുംബകോടതിയെ അറിയിക്കും. ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയില്‍ സമര്‍പ്പിക്കും. സി.ഡബ്ല്യു.സിയാണ് കുഞ്ഞിനെ ദത്ത് നല്‍കാന്‍ അനുമതി നല്‍കിയത്.തിരുവനന്തപുരം കുടുംബ കോടതിയിലാണ് സി.ഡബ്ല്യു.സി ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്. ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി പിന്‍വലിക്കുന്നതോടെ ദത്ത് നടപടികള്‍ പൂര്‍ണമായും റദ്ദാകും. ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുഞ്ഞിനെ കൈമാറുന്ന നടപടികള്‍ കോടതിയും എതിര്‍ക്കാന്‍ സാധ്യതയില്ല. കോടതി അനുമതിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കുഞ്ഞിനെ കൈമാറണമെന്നാണ് സി.ഡബ്ല്യു.സിയും തീരുമാനിച്ചിരിക്കുന്നത്. കേസ് ഈ മാസം 30ന് പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിഎന്‍എ പരിശോധനാഫലം ഉള്‍പ്പെടെ ലഭിച്ചതോടെയാണ് കോടതിയെ ഇന്ന് തന്നെ സമീപിക്കാന്‍ സി.ഡബ്ല്യു.സി തീരുമാനിച്ചത്.