Sunday, May 5, 2024
keralaNews

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മുതല്‍ പുതുക്കിയ ഭക്ഷണക്രമം.

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മുതല്‍ പുതുക്കിയ ഭക്ഷണക്രമം. അരിയാഹാരത്തിന്റെ അളവ് കുറച്ചും, റവയുടെ അളവ് കൂട്ടിയുമാണ് പുതുക്കിയ ഭക്ഷണക്രമം.തടവുകാര്‍ക്കുണ്ടാക്കുന്ന ഭക്ഷണം വലിയതോതില്‍ പാഴാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഡയറ്റ് നടപ്പാക്കിയത്. ചോറും അരിയാഹാരവും കൂടുതലായി പാഴാക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആളൊന്നിനുള്ള അരിവിഹിതം 450 ഗ്രാമില്‍നിന്ന് നാനൂറായി വെട്ടിച്ചുരുക്കി. കപ്പയുടെ അളവ് 340 ഗ്രാമില്‍നിന്ന് 250 ഗ്രാമാക്കി.ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഉപ്പിന്റെ അളവും നേര്‍പകുതിയാക്കി. ഉപ്പുമാവിനൊപ്പം ഇനിമുതല്‍ പഴം നല്‍കില്ല. പകരം ഗ്രീന്‍പീസ് കറിയാണ്. ഇതിനാവശ്യമായ ചേരുവകള്‍ അനുവദിക്കാനും സര്‍ക്കാര്‍ ഉത്തരവായി.ഇവയെല്ലാം പാചകം ചെയ്യാനുള്ള പാചകവാതകത്തിന്റെ അളവും കൂട്ടിനല്‍കി.മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി ജയില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.