Wednesday, May 1, 2024
keralaNewspolitics

സംസ്ഥാനത്തു 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

കോട്ടയം; സംസ്ഥാനത്തു 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയും 4,000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതിയും ഉടന്‍ പൂര്‍ത്തീകരിക്കും. ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജീവനക്കാരെ ബാധിക്കും. കേന്ദ്രനയത്തെ ചെറുക്കും. കെഎസ്ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അസോസിയേഷന്‍ പ്രസിഡന്റ് എളമരം കരീം എംപി അധ്യക്ഷത വഹിച്ചു. രാവിലെ 10നു നടന്ന സെമിനാറില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക്, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡന്റ് കെ.ഒ. ഹബീബ്, കെഎസ്ഇബിഒഎ പ്രസിഡന്റ് ഡോ. എം.ജി.സുരേഷ്‌കുമാര്‍, കെ. ജയപ്രകാശ്, കെ.സി. സിബു, പി.പി. ജയദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് പൊതുസമ്മേളനത്തില്‍ സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം എ.വി. റസല്‍, പി.എന്‍.പ്രദീപ്, ടി.ആര്‍.രഘുനാഥന്‍, ദീപ കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 9ന് പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. എളമരം കരീം എംപി അധ്യക്ഷനാകും.