Wednesday, May 8, 2024
keralaNews

സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാക്കുപിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നിതിന് മുന്നോടിയായി മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് മന്ത്രിയ്ക്ക് നാക്ക് പിഴച്ചത്. പിന്നാലെ മന്ത്രിയ്ക്കെതിരെ വലിയ ട്രോളുകളും ഉയര്‍ന്നിരുന്നു.
ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ ‘എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. നാക്കിന്റെ പിഴവ് ലോകത്തിലെ എല്ലാ മനുഷ്യനും സംഭവിക്കുന്ന ഒന്നാണ്. അതുപോലൊരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ചില ആളുകള്‍ ആക്ഷേപിക്കുകയും പലരൂപത്തില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ക്ക് ആത്മ സംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെ, എനിയ്ക്കതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല’ രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്നാണ് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ 23 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി ശിവന്‍കുട്ടി എത്തിയത്.