Wednesday, May 8, 2024
keralaNewsUncategorized

വനംവകുപ്പ് – പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയതാണ് കാര്യം

കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരിയില്‍ നടന്ന ഹര്‍ത്താലിനിടെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. കേസില്‍ വിചാരണക്കിടെ എട്ട് സാക്ഷികളടക്കം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂറുമാറിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.കെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവരാണ് കൂറുമാറിയ വനംവകുപ്പ് ജീവനക്കാര്‍. താമരശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാള്‍ പ്രതികളെ അറസ്റ്റ് ചെയ്ത അന്നത്തെ താമരശേരി ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നിലവില്‍ കോഴിക്കോട് അസി. കമ്മീഷണറുമായ ബിജുരാജ് തുടങ്ങിയവര്‍ക്കാകട്ടെ പ്രതികളെ തിരിച്ചറിയാനുമായില്ല. ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ്പിയായി വിരമിച്ച പിപി സദാനന്ദന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിര്‍ണായതെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. വിചാരണയ്ക്കിടെ നിര്‍ണായകമായ കേസ് ഡയറിയും കാണാതായിരുന്നു. താമരശേരി സ്റ്റേഷനിലും ഡിവൈഎസ്പി ഏഫീസിലുമായി സൂക്ഷിച്ചിരുന്ന കേസ് ഡയറി കാണാതായെന്ന കാര്യം അന്നത്തെ ഡിവൈഎസ്പി തന്നെയായിരുന്നു കോടതിയെ അറിയിച്ചത്.കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ 2013 നവംബര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെയായിരുന്നു പട്ടാപ്പകല്‍ നടന്ന അക്രമം.
മണിക്കൂറുകളോളം നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായെത്തിയ ആള്‍ക്കൂട്ടം താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ചു. ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു. വനം വകുപ്പ് ജീവനക്കാരെ ആക്രമിച്ചു. കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടെ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. 77 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ കേസാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.നൂറുകണക്കിന് ആളുകള്‍ അക്രമത്തിലുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളോടെ 35 പേരെയാണ് പ്രതി ചേര്‍ത്തത്. സംഭവത്തിന് ദൃക്‌സാക്ഷികളാവുകയും പ്രതികളെ പിടികൂടുകയും ചെയ്ത ഉദ്യോഗസ്ഥരടക്കമുളളവരെ സാക്ഷികളാക്കി. ഇതുവഴി കേസിന് ബലം പകരാനായിരുന്നു അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും നിര്‍ണായക സാക്ഷികളാണ് ഇപ്പോള്‍ കൂറുമാറിയിരിക്കുന്നത്. 26 സാക്ഷികളില്‍ എട്ടു പേര്‍ ഇതുവരെ കൂറു മാറി.വിചാരണ വേളയില്‍ കൂറുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി തന്നെ നടപടിക്ക് നിര്‍ദ്ദേശിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. ഏറ്റവുമധികം ആക്രമണത്തിന് ഇരയായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കൂറുമാറിയതോടെ ഈ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.