Monday, April 29, 2024
keralaNews

വിദ്യാര്‍ഥിനികളെ കണ്‍സഷന്‍ നിഷേധിച്ച് ബസില്‍ നിന്ന് കൂട്ടത്തോടെ ഇറക്കിവിട്ടു

സ്വകാര്യ ബസില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കണ്‍സഷന്‍ നിഷേധിച്ച് കൂട്ടത്തോടെ ഇറക്കിവിട്ടതായി പരാതി. കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘പ്രഫസര്‍’ ബസിനെതിരെ മോട്ടര്‍വാഹന വകുപ്പ് കേസെടുത്തു. ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇന്നലെ രാവിലെ 7.30നാണ് സംഭവം. ആഞ്ഞിലിമൂട്ടില്‍ നിന്നു ബസില്‍ കയറിയ പെണ്‍കുട്ടികളെയാണ് ഐസിഎസ് ജംക്ഷനില്‍ ഇറക്കിവിട്ടത്. മൈനാഗപ്പള്ളി വരെ 4 കിലോമീറ്ററോളം വിദ്യാര്‍ഥിനികള്‍ നടന്നു. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഗേള്‍സ് എച്ച്എസിലെ വിദ്യാര്‍ഥിനികളെയാണ് ഇറക്കിവിട്ടതായി പരാതി ഉയര്‍ന്നത്.

രാവിലെ ട്യൂഷന്‍ ക്ലാസിനു വേണ്ടിയുള്ള യാത്രയിലായിരുന്നു. മിനിമം ചാര്‍ജ് നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതായും അതിനുള്ള പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ ഇറക്കിവിട്ടെന്നും വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. എന്നാല്‍ സ്‌കൂളില്‍ പോകുന്നവര്‍ക്ക് മാത്രമാണ് കണ്‍സന്‍ഷന് അര്‍ഹതയെന്നും ട്യൂഷനു പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കില്ലെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. മോട്ടര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍, പെണ്‍കുട്ടികളെ ഇറക്കിവിട്ട കണ്ടക്ടര്‍ നൗഫലിനു (27) ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. വിദ്യാര്‍ഥിനികളെ ഇറക്കിവിട്ട സംഭവത്തില്‍ ബസിനെതിരെ കേസെടുത്തതായും കണ്ടക്ടര്‍ക്കെതിരെ നടപടി സ്വകരിച്ചതായും കുന്നത്തൂര്‍ ജോ.ആര്‍ടിഒ ആര്‍. ശരത്ചന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍, കോളജ് യാത്രകള്‍ക്ക് ബസുകളില്‍ കണ്‍സഷന്‍ ഉറപ്പാക്കുമെന്നും ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.