Friday, May 17, 2024
keralaNewsObituary

ശ്രീനിവാസിന്റെ കൊലപാതകം: റൗഫിന് പങ്കുണ്ടെന്ന് എന്‍ഐഎ

എറണാകുളം: പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍ഐഎ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ടു. കൊലപാതകത്തില്‍ നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിന് പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. ചോദ്യം ചെയ്യലില്‍ റൗഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും എന്‍ഐഎ വ്യക്തമാക്കി. ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയിലാണ് റൗഫിന് പങ്കുള്ളത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ റൗഫിനെയും പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെയും പ്രതി ചേര്‍ക്കും. ഇതിന് പുറമേ മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇവര്‍ക്കുള്ള പങ്കും എന്‍ഐഎ അന്വേഷിക്കും.റിമാന്‍ഡിലായ റൗഫ് നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ്. അടുത്ത മാസം 19 വരെയാണ് റിമാന്‍ഡ് കാലാവധി. ഇതിനിടെ റൗഫിനെ ആറ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡിയില്‍ വിട്ട് കിട്ടിയാല്‍ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കാനും, വിശദമായി ചോദ്യം ചെയ്യാനുമാണ് എന്‍ഐഎയുടെ നീക്കം. റൗഫിന്റെ സാമ്പത്തി ഇടപാട് ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കും. വിദേശത്തു നിന്നുള്ള പണമിടപാടിലും അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേ ഒളിവില്‍ കഴിയാന്‍ റൗഫിനെ സഹായിച്ചവരെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവില്‍ പോയ റൗഫിനെ ഇന്ന് പുലര്‍ച്ചെയാണ് എന്‍ ഐ എ സംഘം പിടികൂടിയത്.