Friday, April 26, 2024
keralaNews

വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ലെനി തോമസ് ഉത്തരവിട്ടത്.

ഇ.പി.ജയരാജന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജന്‍ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തില്‍ വധശ്രമ കേസ് ചുമത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടു. പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.