Monday, April 29, 2024
keralaNewspolitics

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്.

ശബരിമല വിഷയത്തിലും നിയമന വിവാദങ്ങളിലും സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും പിഎസ്‌സി നിയമനത്തിന് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമേളയാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരോട് സര്‍ക്കാര്‍ എന്ത് കൊണ്ടാണ് മനുഷ്യത്വപരമായ നിലപാട് എടുക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്നാരോപിച്ച പ്രതിപക്ഷ നേതാവ് നിയമനങ്ങള്‍ സുതാര്യമാണെങ്കില്‍ ഫയലുകള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിഎസ്‌സി നിയമനത്തിന് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കാന്‍ കഴിയാവുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല വാഗ്ദാനം ചെയ്തു.

ശബരിമല കേസില്‍ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞില്ലെന്നും സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസികളോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു.ശബരിമയില്‍ മുഖ്യമന്ത്രി പ്രശ്നമുണ്ടാക്കിയത് നവോത്ഥാന നായകന്റെ മേലങ്കിയണിയാനാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സൂത്രപണിയിലൂടെ അധികാരത്തിലെത്താന്‍ മുഖ്യമന്ത്രി ശ്രമിക്കണ്ടേന്നും അത് കയ്യില്‍ വച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്ന് ചെന്നിത്തല വാഗ്ദാനം ചെയ്തു.