Sunday, May 5, 2024
keralaNewsObituary

ശ്രീനിവാസന്റെ കൊലപാതകം: കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞു; 10 പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ ഇന്നലെ കൊല്ലപ്പെട്ട ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞു.10 പേര്‍ കസ്റ്റഡിയില്‍.                         

ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിച്ചു. ശേഷം വിലാപ യാത്രയായി കണ്ണകി നഗര്‍ സ്‌കൂളിലെത്തിക്കും.

പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കും. ശ്രീനിവാസന്റെ കൊലയാളി സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സംഭവത്തില്‍ പത്ത് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്.അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയില്‍. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

ശ്രീനിവാസന്‍ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്തെത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.