Tuesday, April 30, 2024
indiakeralaNews

പഞ്ചാബ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വളരെ താഴ്ന്ന് പറന്ന പാകിസ്ഥാനി ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു

പഞ്ചാബ് അതിര്‍ത്തിയില്‍ പറന്ന പാകിസ്ഥാനി ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വളരെ താഴ്ന്ന് പറക്കുന്ന ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടതോടെ ബി.എസ്.എഫ് ജവാന്‍മാര്‍ വെടിവെച്ചിടുകയായിരുന്നു. ഫിറോസ്പൂരിലെ അമര്‍കോട്ട് മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 300 മീറ്റര്‍ അകലെ അതിര്‍ത്തി തിരിക്കുന്ന മുള്ളുവേലികളുള്ള മേഖലയില്‍ നിന്ന് 150 മീറ്റര്‍ ദൂരത്തായാണ് ഡ്രോണ്‍ പറന്നത്.പാകിസ്ഥാന്‍ ഭീകരര്‍ സ്ഥിരമായി ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതിനെതിരെ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡ്രോണ്‍ സൈന്യം വെടിവെച്ചിടുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ പരിശോധന ആരംഭിച്ചതായി സൈന്യം അറിയിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്.കറുത്ത നിറമടിച്ച് ആരും ശ്രദ്ധിക്കതാരിക്കാന്‍ മറ്റ് പ്രകാശ സംവിധാനങ്ങളൊന്നും ഉപയോഗിക്കാതെയാണ് ഡ്രോണ്‍ ഭീകരര്‍ അതിര്‍ത്തികടത്തി പറത്താന്‍ ശ്രമിച്ചതെന്ന് സൈന്യം അറിയിച്ചു. ഡ്രോണ്‍ പറന്ന മേഖലയില്‍ എന്തെങ്കിലും വസ്തുക്കള്‍ ഡ്രോണ്‍ വഴി നിക്ഷേപിച്ചിരുന്നോ എന്നത് കണ്ടെത്താന്‍ സൈനികര്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതായും ബി.എസ്.എഫ് അറിയിച്ചു.