Sunday, April 28, 2024
keralaNewspolitics

ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഒളിവില്‍ പോയതും – മുന്‍കൂര്‍ ജാമ്യമെടുത്തതും. സ്വപ്ന

തിരുവനന്തപുരം: ശിവശങ്കറിന്റെ ആത്മകഥയിലെ വാദങ്ങള്‍ പച്ചക്കള്ളമെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഒളിവില്‍ പോയതും – മുന്‍കൂര്‍ ജാമ്യമെടുത്തതെന്നും സ്വപ്ന സുരേഷ്. ഊട്ടിയിലെ കുതിരയെപ്പോലെയാണ് താന്‍. എല്ലാ നിര്‍ദ്ദേശങ്ങളും തന്ന് നയിക്കാന്‍ ആളുണ്ടായിരുന്നു. താനവരെ കണ്ണടച്ച് പിന്താങ്ങി. വശങ്ങളിലെ കാഴ്ചകള്‍ മറയ്ക്കപ്പെട്ട നിലയിലായിരുന്നു. ശിവശങ്കര്‍ അടക്കമുള്ളവര്‍ പറഞ്ഞത് അനുസരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും അവര്‍ പറഞ്ഞു.

ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന്‍ പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന. തന്റെ ജീവിതത്തില്‍ എല്ലാം ശിവശങ്കര്‍ ആയിരുന്നു.

നയതന്ത്ര ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി.

കേരളത്തെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്ത് കേസ് കൊടുങ്കാറ്റിന് ശേഷം പ്രതി സ്വപ്ന സുരേഷ് ഇതാദ്യമായി എല്ലാം തുറന്നു പറഞ്ഞപ്പോള്‍, കേരളം കേട്ടത് ഞെട്ടിക്കുന്ന ആരോപണങ്ങളാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഓരോന്നായി സ്വപ്ന തള്ളുകയാണ്.

തന്നെ നിശ്ശബ്ദയാക്കി ജയിലില്‍ അടയ്ക്കാനായാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎയെ കൊണ്ടുവന്നത്. ഇത് ശിവ ശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിനായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു.