Friday, May 17, 2024
indiaNewspolitics

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് നടന്ന് പോകാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് നടന്ന് പോകാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി എംപി. ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പ്രകടനമായി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് പോകാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നത്. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ദില്ലി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.നിലവില്‍ റാലിയായി എല്ലാ വിലക്കുകളും ലംഘിച്ച് രാഹുല്‍ ഗാന്ധി നടന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം ഇഡി ഓഫീസിലേക്ക് നടക്കുകയാണ്. കെ സി വേണുഗോപാല്‍, പി ചിദംബരം എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കടുത്ത നിയന്ത്രണമുണ്ടായിട്ടും നിരവധി പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം നടക്കുന്നത്. ഇവരില്‍ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ സ്ഥലത്തേക്ക് കൂടുതല്‍ ബസ്സുകളും ദില്ലി പൊലീസ് എത്തിക്കുന്നുണ്ട്.

ഇന്ന് രാവിലെ തന്നെ രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിലേക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമായി. പ്രദേശത്ത് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജും ഉണ്ടായി. എഐസിസി ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള രാഹുലിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. രാവിലെ നാടകീയരംഗങ്ങളാണ് എഐസിസി ആസ്ഥാനത്തിന് മുന്നിലും ഇഡി ഓഫീസിന് മുന്നിലും അരങ്ങേറുന്നത്. രാവിലെ ഇഡി ആസ്ഥാനത്തിന് മുന്നിലെത്തിയ മുന്‍ കോണ്‍ഗ്രസ് എംപി ഉദിത് രാജിനെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഇതിനിടെ ഇഡി ഓഫീസിന് മുന്നിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ പിടിച്ച് തള്ളി പൊലീസ്. പൊലീസും എംപിയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.