Friday, May 3, 2024
keralaNews

ശബരിമല വി ഐ പി ഭക്ഷണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി ഹൈക്കോടതി ഇടപെടല്‍

കൊച്ചി :വി.ഐ.പികളുടെ പേരില്‍ ശബരിമലയില്‍ ഭക്ഷണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. വി.ഐ.പികളുടെ പേരില്‍ വ്യാജബില്ലുണ്ടാക്കി അഴിമതി നടത്തിയ സംഭവത്തിലാണ് ഹൈക്കോടതി ഹര്‍ജി സ്വമേധയാ ഫയലില്‍ സ്വീകരിച്ചത് .ശബരിമല ദര്‍ശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സില്‍ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവില്‍ ആഹാരം കഴിച്ചിട്ടും വിഐപികള്‍ക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നല്‍കിയതെന്ന് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പണം വെട്ടിച്ചത്.

കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്.

സര്‍ക്കാരും ദേവസ്വം ബോര്‍ഡുമടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് നടപടി.ദേവസ്വം ബോര്‍ഡ്, സര്‍ക്കാര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നിവരോട് ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട് .
ഇടുക്കി എസ്.പി കറുപ്പസ്വാമി, ശബരിമലയുടെ ചാര്‍ജുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യ, കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന് പണം എഴുതിയെടുത്തത് . കൊല്ലം ജില്ലാ ജഡ്ജിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ സിറ്റിങ്ങിനായി ശബരിമലയില്‍ നിന്ന് പോയ ദിവസങ്ങളില്‍ പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചെലവില്‍ കണക്കെടുപ്പുകള്‍ വര്‍ഷങ്ങളായി നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്. ഇതിലാണിപ്പോള്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത് .