Tuesday, April 30, 2024
Local NewsNews

ശബരിമല; മുന്നൊരുക്ക യോഗത്തില്‍ ക്ഷണിക്കാത്തതിനെതിരെ സേവ സംഘം

എരുമേലി: ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന പ്രധാന കേന്ദ്രമായ എരുമേലിയില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അയ്യപ്പ ഭക്തസംഘടനകളെ തീര്‍ത്ഥാടന മുന്നൊരുക്ക യോഗത്തില്‍ ക്ഷണിക്കാത്തതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ഭാരവാഹികള്‍ പറഞ്ഞു. തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലിയിലെ ഒരുക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി എരുമേലി ഗ്രാമ പഞ്ചായത്തിനും – മറ്റ് വിവിധ വകുപ്പുകള്‍ക്കുമെതിരെ പ്രതികരിച്ചതും തീര്‍ത്ഥാടനത്തോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. അയ്യപ്പഭക്തസംഘടനകളെ മാത്രമല്ല എരുമേലിയിലെ വ്യാപാരികളെ പോലും യോഗത്തില്‍ ക്ഷണിക്കാതിരുന്നതും ശരിയായില്ല.കിഫ് ബിയുടെ സഹായത്തോടെ 14 കോടി ചില വഴിക്കുന്ന,ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ തന്നെ നിര്‍മ്മാണ ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിട നിര്‍മാണം മൂന്ന് വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. വകുപ്പുകള്‍ക്കൊന്നും യാതൊരു ഏകോപനവും ഇല്ലെന്ന് മന്ത്രി തന്നെ പറയുന്നത് തീര്‍ത്ഥാടകരോടുള്ള അവഗണനയാണെന്നും നേതാക്കള്‍ പറഞ്ഞു . പഞ്ചായത്തില്‍ പ്രസിഡന്റും – സെക്രട്ടറിയും തമ്മിലുള്ള ശീതസമരം തീര്‍ത്ഥാടനത്തെ പ്രതിസന്ധിയിലാക്കുമെന്നും അടിയന്തിരമായി ഉന്നതാധികാരികള്‍ ഇടപെടണമെന്നും ഇവര്‍ പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതിയുമായി സഹകരിക്കാന്‍ സെക്രട്ടറിക്ക് തയ്യാറല്ലെങ്കില്‍ സെക്രട്ടറിയെ മാറ്റാന്‍ ഭരണ സമിതി തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞശബരിമല യോഗത്തില്‍എം പി യെ വിളിക്കാത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയതും – മന്ത്രിയുടെ യോഗത്തില്‍ ആരും ക്ഷണിക്കാതെ എം പി വന്നതുമെല്ലാം രാഷ്ട്രീയ നാടകം മാത്രമാണെന്നും നേതാക്കള്‍ പറഞ്ഞു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ചെയ്യാനുള്ളത്. യുദ്ധകാലടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുംനേതാക്കള്‍ ആവശ്യപ്പെട്ടു.എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി, സെക്രട്ടറി കെ ആര്‍ സോജി, ട്രഷറര്‍ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.