Wednesday, May 8, 2024
educationkeralaNews

സിലബസ് പരിശോധിക്കാന്‍ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചു

എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണന്‍സ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ കാവിവത്കരണമെന്ന വാദത്തെ തള്ളി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകള്‍ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ സിലബസ് പരിശോധിക്കാന്‍ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രന്‍ എന്നിവര്‍ക്കാണ് ചുമതല. സമിതി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഈ റിപ്പോര്‍ട്ട് പഠിച്ച ശേഷം സിലബസ് പിന്‍വലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു. അതേസമയം സിലബസില്‍ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും വിസി അഭിപ്രായപ്പെട്ടു. രണ്ട് പേരുടെ പുസ്തകങ്ങള്‍ മതിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഇല്ലാത്തത് വീഴ്ചയാണെന്നും പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും അവരുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി എടുക്കാമെന്നും മന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.