Saturday, May 4, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം: എരുമേലിയില്‍ നിരീക്ഷണ സമിതി രൂപീകരിച്ചു

എരുമേലി : തീര്‍ത്ഥാടക തിരക്ക് മൂലം എരുമേലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് അടക്കം വലിയ ദുരിതം ഉണ്ടായ സംഭവത്തില്‍, നടപടിയുമായി അധികൃതര്‍. ദേവസ്വം ബോര്‍ഡ്, ഗ്രാമ പഞ്ചായത്ത്, പോലീസ്, റവന്യു, മോട്ടോര്‍ വാഹന ഗതാഗത വകുപ്പ്, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. മോണിറ്ററിംഗ് സമിതി എല്ലാ ദിവസവും വൈകുന്നേരം 8 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ യോഗം ചേര്‍ന്ന് അതാത് ദിവസങ്ങളിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് മികച്ച നിലയില്‍ തീര്‍ത്ഥാടകരുടെ സൗകര്യങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് തീരുമാനിച്ചു. ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിന് പരമാവധി ബൈപ്പാസുകള്‍ ഉപയോഗിക്കുന്നതിനും, ഇതിന്റെ ഭാഗമായി ഒരുങ്കല്‍ കടവ് – കരിമ്പിന്‍തോട് റോഡും, പേരുത്തോട് – എംഇഎസ് ജംഗ്ഷന്‍ – മുക്കൂട്ടുതറ റോഡും കൂടുതലായി ഉപയോഗിക്കുന്നതിനും നിശ്ചയിച്ചു. കൂടാതെ തീര്‍ത്ഥാടകര്‍ അല്ലാത്ത യാത്രക്കാരെ ബൈ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടുന്നതിനും നിശ്ചയിച്ചു.സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ബൈപ്പാസ് റോഡുകളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെയും, ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കുന്നതിനും, അവ വേര്‍തിരിച്ചു തന്നെ സംസ്‌കരിക്കുന്നതിനും നിശ്ചയിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും, ടോയ്ലറ്റുകളിലും നിശ്ചയിക്കപ്പെട്ട അംഗീകൃത നിരക്കുകളിലും അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത്, പോലീസ്, റവന്യൂ അധികൃതരെ ചുമതലപ്പെടുത്തി. അംഗീകൃത നിരക്കുകള്‍ ഗ്രാമപഞ്ചായത്ത് പ്രത്യേകമായി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കുന്നതിന് മുന്‍പായി വീണ്ടും വിപുലമായ അവലോകനയോഗം ബന്ധപ്പെട്ട എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളെയും, മറ്റ് അനുബന്ധപ്രസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി വിളിച്ചു ചേര്‍ക്കുന്നതിനും നിശ്ചയിച്ചു. യോഗത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി,ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എ. സി ഗോപകുമാര്‍, തഹസില്‍ദാര്‍ സുനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഡി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.