Saturday, May 4, 2024
keralaLocal NewsNews

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എരുമേലിയില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണസമിതിനേതൃത്വത്തില്‍ എരുമേലിയില്‍ പ്രതിഷേധമാര്‍ച്ചും, ധര്‍ണ്ണയും നടത്തി. ഭക്തര്‍ക്ക് കാനനപാത തുറന്നുകൊടുക്കുക, പമ്പാ സ്‌നാനം അനുവദിക്കുക, ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി പൂര്‍ത്തികരിക്കുക, നിലയ്ക്കലിലും പരിസരത്തും തീര്‍ത്ഥാടകരുടെ വാഹനം തടഞ്ഞു നിര്‍ത്തി പാര്‍ക്കിംഗ് ഫീസ് എന്ന പേരില്‍ നടത്തുന്ന ബുദ്ധിമുട്ടിക്കലിന് അറുതി വരുത്തി, കോടതി വിധിപ്രകാരം പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ മാത്രം പാര്‍ക്കിംഗ് ഫീസ് വാങ്ങുന്ന സമ്പ്രദായം അധികൃതര്‍ നടപ്പിലാക്കണം. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശബരിമല സംരക്ഷണസമിതി പ്രതിഷേധം സംഘടിപ്പിച്ചത്. കൊച്ചമ്പലത്തില്‍നിന്നും , എരുമേലി ദേവസ്വം ഓഫീസിലേക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എരുമേലി വലിയമ്പലകവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സന്യാസി സഭ മാര്‍ഗ്ഗദര്‍ശ്ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

ആചാരങ്ങള്‍ സംരക്ഷിക്കുന്നില്ല എന്ന് മാത്രമല്ല, നിലവിലെ ആചാരനുഷ്ഠാനങ്ങള്‍ പാടെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഗൂഢനീക്കങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷക്കാലമായി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് ബോധപൂര്‍വ്വമായി ഒരു ജനതയെ ഇല്ലായ്മ ചെയ്യലാണ്. മറ്റ് മതങ്ങളെ സംരക്ഷിക്കുവാന്‍ അരയും തലയും മുറുക്കിയിറങ്ങുന്ന സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമല ദര്‍ശ്ശന സൗഭാഗ്യത്തിന്റെ പ്രധാന ആചാരങ്ങളാണ് കാനനപാതയിലെ യാത്രയും ആ യാത്രയിലെ ആചാരങ്ങളും ഇത് തകര്‍ക്കുക വഴി ഭക്തരുടെ ശബരിമല ദര്‍ശ്ശനത്തിലെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ്. ഈ വ്രണപ്പെടുത്തലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല പ്രസാദത്തിന് ഉപയോഗിക്കുന്ന ശര്‍ക്കര ‘ഹലാല്‍ ശര്‍ക്കര’യാക്കി മാറ്റിയത്. ഇത്തരം പ്രവൃത്തികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ഭക്തര്‍ തെരുവിലേക്കിറങ്ങും. ഇനി കൈയും കെട്ടി നോക്കിയിരിക്കുവാനാവില്ലെന്നും സ്വാമി പറഞ്ഞു – പി.വി. അനോജ് കുമാര്‍ അധ്യക്ഷനായി.വി.സി.അജി, വിജയകുമാര്‍ മണിപ്പുഴ, രമേശ് കാവിമറ്റം, പി ഡി രവീന്ദ്രന്‍, കൃഷ്ണകുമാര്‍ നീറിക്കാട്, രവീന്ദ്രനാഥ് വാകത്താനം, ബിനു മോന്‍ ആര്‍പ്പുക്കര, കെ.കെ.മണിലാല്‍, സജീവ് ആറുമാനൂര്‍, പി.കെ.രതീഷ് കുമാര്‍ ഏറ്റുമാനൂര്‍ ,പി.ബി,മോഹനന്‍, , വിനോദ് തിരുമൂലപുരം, ബിജുകുമാര്‍, സന്തോഷ്, നിധീഷ്, വിനീത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.