Sunday, April 28, 2024
keralaNews

വൈക്കത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു.

കോട്ടയം കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു.വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിലാണ് സംഭവം. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. അരയന്‍കാവ് മുണ്ടക്കല്‍ മത്തായിയുടെ മകന്‍ ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ വരിക്കാംകുന്ന് പൂച്ചക്കാട്ടില്‍ അലോഷി (16), സഹോദരന്റെ മകള്‍ അരയന്‍കാവ് മുണ്ടയ്ക്കല്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരന്‍ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു. ഇതില്‍ ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.ഏഴു പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.