Monday, April 29, 2024
keralaLocal News

വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി ദേവിയാര്‍ പുഴ;

കൊവിഡ് 19 നെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തും പുഴയിലേയ്ക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ദേവിയാര്‍ പുഴ വീണ്ടും മലീമസമാകുന്നു. അടിമാലി ടൗണിലെ പഞ്ചായത്തിന്റെ മത്സ്യ മാംസ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള തോടാണ് ഇതിനോടകം മാലിന്യ കൂമ്ബാരമായി മാറിയത്. ഇതോടൊപ്പം തന്നെ അടിമാലി തോട്ടിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ നീര്‍ച്ചാലുകളിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഇവിടെ നിന്നുള്ള മലിനജലമാണ് അടിമാലി തോട്ടിലൂടെ ദേവിയാര്‍ പുഴയില്‍ എത്തുന്നത്. ‘ഗ്രീന്‍ അടിമാലി, ക്ലീന്‍ ദേവിയാര്‍’ എന്ന പദ്ധതിയിലൂടെ ദേവിയാര്‍ പുഴയുടെ സംരക്ഷണത്തിന് പഞ്ചായത്ത് സ്വീകരിച്ച നടപടികള്‍ ഏറെ പ്രശംസനീയമായിരുന്നു. എന്നാല്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പുകള്‍ കൊവിഡ് 19 ന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി ദേവിയാര്‍ പുഴ മാറിയത്. അടിമാലി മുതല്‍ വാളറവരെയുള്ള ദൂരത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് മാലിന്യം കലര്‍ന്ന ജലമാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൊവിഡിനൊടൊപ്പം ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി നേരിടേണ്ടി വരും. ടൂറിസ്റ്റുകളും മാലിന്യം തള്ളുന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ കൂമ്ബന്‍പാറ വരെയുള്ള ദൂരത്തില്‍ മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് എടുത്ത കര്‍ശന നടപടികള്‍ ഫലം കണ്ടിരുന്നു. എന്നാല്‍ വിനോദസഞ്ചാരികള്‍ വീണ്ടും മൂന്നാറിലേയ്ക്ക് വരാന്‍ തുടങ്ങിയതോടെ ഈ മേഖലയില്‍ മാലിന്യ നിക്ഷേപവും വര്‍ദ്ധിച്ചുവരികയാണ്. അടിമാലി മത്സ്യ മാംസ മാര്‍ക്കേറ്റിന് സമീപമുള്ള തോട്ടില്‍ മാലിന്യ നിക്ഷേപം.