Friday, May 3, 2024
keralaNews

വീടിന്റെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം :കുമരകത്ത്‌ വീടിന്റെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് സ്റ്റേഷനു സമീപം ദീപ കോട്ടേജില്‍ പരേതനായ ശശിധരന്റെ മകന്‍ ടിബിന്‍ (39) ആണു മരിച്ചത്. കട്ടിലിനു താഴെ രക്തത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ടിബിന്‍ വീട്ടില്‍ തനിച്ചായിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 8ന് ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആയ ദീപ ജോലിക്കു പോകാന്‍ വരുന്ന വഴിയാണ് വീട്ടില്‍ കയറിയത്. ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയില്‍ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ്.

ഡിവൈഎസ്പി ജെ. സന്തോഷ്‌കുമാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. മനോജ്, എസ്‌ഐ എസ്. സന്തോഷ് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. ജംക്ഷനില്‍ മൊബൈല്‍ കട നടത്തുകയാണ് ടിബിന്‍. സംസ്‌കാരം ഇന്നു നടക്കും. മകള്‍: നിവേദ്യ.