Friday, May 3, 2024
keralaNews

വിസ്മയുയുടെ മരണം ;ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

വിസ്മയുയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കിരണ്‍ കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷയും പോലീസ് ഇന്ന് കോടതില്‍ സമര്‍പ്പിക്കും.കേസില്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും തൊണ്ടി മുതലാകുമെന്ന് പോലീസ് അറിയിച്ചു. വിസ്മയയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിസ്മയയെ നേരത്തേയും കിരണ്‍ മര്‍ദ്ദിച്ചിരുന്നതായി ചില സുഹൃത്തുക്കള്‍ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നത്.അതിനിടെ ചടയമംഗലം പോലീസ് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കിയ മര്‍ദ്ദനക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം രേഖാമൂലം ഇന്ന് പരാതി നല്‍കും. ഇന്നലെ ഐജി ഹര്‍ഷിത അട്ടല്ലൂരി കേസ് പുനരന്വേഷിക്കുമെന്ന് കുടുംബത്തിന് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു.